ദൈവത്തിന്റെ കടിഞ്ഞൂൽ സന്തതിയെ ചുമന്നുനിന്ന താഴ് വാരമാണിത്. ഇടയനും, കാമുകനും, കവിയും, രാജാവുമൊക്കെയായി മനുഷ്യരാശിക്ക് സങ്കീർത്തനങ്ങളുടെ കിന്നരം വായിച്ച ദാവീദ് രാജാവ് ഇവിടെയാണ് ജനിച്ചതും, ജീവിച്ചതും, മരിച്ചതും..

” ആ മനുഷ്യൻ നീ തന്നെ” എന്ന നാടകത്തിൽ
ദാവീദിന്റെ ജന്മനാടായ ബേത് ലെഹിമിനെ കുറിച്ച് ഇങ്ങനെയൊരു വാചകമുണ്ട്.. ” ദൈവത്തിന്റെ മന്ദഹാസമാണ് ബേത് ലെഹം” . ചരിത്രം ഒരു നവജാത ശിശുവിനെ പോലെ കൈകാലിട്ടടിച്ച മുഹൂർത്തം മനുഷ്യരാശിയുടെ ഓർമ്മയിലുണ്ടാകുകയില്ല. ഭൂമിയിൽ സന്മനസ്സുള്ളവർക് സമാധാനത്തിന്റെ സദ്വാർത്ത അറിയിച്ച ഈ ചെറുപട്ടണം അനേകകാലങ്ങളിൽ അധിനിവേശത്തിന്റെ ചോരചാലിലൂടെ വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്, എന്നിട്ടും ബേത് ലെഹമിന്റെ ദൈവമന്ദഹാസം മാഞ്ഞു പോയിട്ടില്ല.

ദുരന്തഗാനങ്ങൾ മാത്രം പാടുന്ന ഈറ കുഴലായിരുന്നു ഇസ്രായേൽ..എന്നാൽ ദുരന്തങ്ങളിലും ശാന്തിയുടെ ഗാനവും, ഇത്രമേൽ സന്തോഷത്തോടെ അത് പാടിയിട്ടുണ്ടാകുകയില്ല..

തിരുപിറവിയിൽ ഉണർത്തപ്പെടുന്ന ഗൃഹാതുരത്വമാണ് ക്രിസ്തുമസിന്റെ ആത്മീയത. ജീവിതത്തിന്റെ ഉറവിടങ്ങളിലേക്കുള്ള നിത്യ വിസ്മയം നിറഞ്ഞ ഒരു മടക്കയാത്ര. അധിനിവേശസംസ്കാരത്തിന്റെ ആർഭാടങ്ങളും, അഹങ്കാരങ്ങളും, അഴിച്ചുമാറ്റി ചരിത്രം വിവസ്ത്രമാകുന്ന മുഹൂർത്തം. ചരിത്രത്തിന്റെ നഗ്നമേനിയിൽ ദൈവത്തിന്റെ പൂവിരലടയാളങ്ങൾ പതിഞ്ഞ പുണ്യരാത്രി.

കുഞ്ഞുങ്ങൾ പിറക്കുന്നത് രക്തത്തിൽ നിന്നോ, ശാരീരികഅഭിലാഷങ്ങളിൽ നിന്നോ, പുരുഷന്റെ ആഗ്രഹത്തിൽ നിന്നോ അല്ലാ, ദൈവത്തിൽ നിന്നത്രെ എന്നാണ് യോഹന്നാൻ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ” ദൈവം അനന്തതയിലേക്ക് എയ്തുവിട്ട അമ്പുകളായി കുഞ്ഞുങ്ങളെ കരുതണം എന്നാണ് പ്രസിദ്ധനായ ലേബനീസ് കവി ഖലീൽ ജിബ്രാൻ . കുഞ്ഞുങ്ങൾ നമ്മുടേതല്ല നമ്മിലൂടെ വന്നവർ മാത്രം, അന്തതയിലേക് കുതിക്കുന്നവർ. നിത്യതയിൽ നിന്ന് ചരിത്രത്തിലേക്ക് ഒരു നക്ഷത്രരശ്മിയായി യേശു പിറന്നു വീണു. ഉണ്ണിയേശുവിന്റെ ചുണ്ടുകളിലിരുന്നു ദൈവം പുഞ്ചിരിച്ചു. ആകാശത്തിൽ ഒരു നക്ഷത്രവും അന്നുറങ്ങിയില്ല. ആ സന്തോഷത്തെ വിഴുങ്ങാൻ ഒരു ഇരുളും വായ് പിളർത്തിയില്ല. നിത്യതയിൽ നിന്നും അടർന്നുവീണ ആ നക്ഷത്രത്തിനു പ്രത്യശയുടെ ജ്വലിക്കുന്ന അടയാളമുണ്ട്. ഭൂമിയിൽ സന്മനസുള്ളവർക് ശാന്തി വാഗ്ദാനം ചെയ്ത്കൊണ്ട് മാലാഖമാരുടെ ചുണ്ടുകളിൽ നിന്നും വിരിഞ്ഞിറങ്ങിയ ദയാമധുരമായ പാട്ടുകൾ ഇന്നും നിലച്ചിട്ടില്ല..

വെളിച്ചം നൃത്തം ചെയ്യുന്ന മലനിരകളിൽ പുലരിയുടെ മഞ്ഞുപടലം നീക്കി ബെത് ലേഹം നമുക്ക് മുൻപിൽ മന്ദഹസിച്ചു നില്കുന്നു. ചരിത്രത്തിന്റെ ശൈശവകാലം എന്നാണ് ബെത് ലേഹം അറിയപ്പെടേണ്ടത്. ബെത് ലേഹം എന്ന ഹീബ്രു പദത്തിന് അപ്പത്തിന്റെ ഭവനം എന്നാണ് അർത്ഥം. അറബികൾക്ക് മാംസത്തിന്റെ ഭാവനമാണ് ബെത് ലേഹം. ലോകത്തിലെ ഏറ്റവും ഭാഗ്യം ലഭിച്ച ആട്ടിടയന്മാരുടെ നാടാണ് ബെത് ലേഹം. റൂത്തിന്റെ പ്രണയം അരങ്ങേറിയ ഇടയന്മാരുടെ വയലുകൾ നിറഞ്ഞ പ്രണയത്തിന്റെ ഗ്രാമമാണ് യഹൂദന്മാർക് ബെത് ലേഹം.

ബെത് ലേഹം ഒരു ഉറവയാണ്. ദൈവം ചുരിങ്ങാവുന്നതിലേക്കു വച്ച് ഏറ്റവും ചെറുതായത് ഇവിടെയാണ്. ഒരു പെണ്ണിന്റെ ഉടലിനുള്ളിൽ ദൈവം ചുരിങ്ങിയിരിക്കുന്നു. അഗതിയെപോലെ ഏറ്റവും തണുപ്പുള്ള ഗുഹക്കുള്ളിൽ ദൈവം പിറന്നു വീണു…ബെത് ലേഹം മാനവരാശി നിന്നോട് കടപ്പെട്ടിരിക്കുന്നു..

Milju Mathew


0 Comments